ന്യൂഡെൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായെന്നും സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും ഗവർണർ പറഞ്ഞു. വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ വാർത്താ സമ്മേളനം നടത്തിയാണ് ഗവർണർ നിലപാട് ആവർത്തിച്ചത്.
ഗവർണർ എന്ന നിലയിൽ രാഷ്‌ട്രീയ നിലപാടുകൾ എടുത്തിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചത് അദ്ദേഹവുമായി നേരിട്ട് സംസാരിക്കാൻ കഴിയാത്തതിനാലാണ്. കത്തിൽ എല്ലാ കാര്യങ്ങളും വ്യക്‌തമാക്കിയിട്ടുണ്ട്. സ്വന്തം സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും ചാൻസലർ സ്‌ഥാനം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും ഗവർണർ ആവർത്തിച്ചു.
മുഖ്യമന്ത്രിയുമായി മാദ്ധ്യമങ്ങളിലൂടെ സംവാദത്തിനില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചത് സമ്മർദ്ദം മൂലമാണ്. റസിഡന്റ് ആരോപണം ഒഴിവാക്കാനായിരുന്നു ഈ നീക്കം. എജിയുടെ നിയമോപദേശം താൻ ആവശ്യപ്പെട്ടിട്ടില്ല. കാലടി സർവകലാശാലയിൽ ഒറ്റപേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദവും ഗവർണർ തള്ളി. വിസി നിയമനത്തിന് നിർദ്ദേശിച്ച ഒറ്റപേര് അംഗീകരിച്ചെങ്കിൽ പിന്നെ എന്തിനാണ് അതുതാൻ തിരിച്ചയച്ചതെന്നും ഗവർണർ ചോദിച്ചു.
Also Read: ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി