കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർ നിയമനത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ച സിംഗിൾ ബെഞ്ച് തീരുമാനം ചോദ്യം ചെയ്‌തുളള ഹരജി ഫയലിൽ സ്വീകരിക്കാതെ തളളിയിരുന്നു.
വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. എന്നാൽ പുനർനിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും സെർച്ച് കമ്മിറ്റിയുടെ അനുമതി വേണ്ടെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ.
അതേസമയം, സർവകലാശാല വിസി നിയമന വിവാദം കത്തി നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്‌ഥാനത്തു മടങ്ങിയെത്തും. ചാൻസലർ സ്‌ഥാനം ഏറ്റെടുക്കില്ലെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ട് ഇന്നേക്ക് പത്തു ദിവസം പിന്നിടുകയാണ്.
സർവകലാശാലയിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ല എന്ന വ്യക്‌തമായ ഉറപ്പ് ഇല്ലാതെ തീരുമാനം പുനപരിശോധിക്കില്ലെന്ന നിലപാടിലാണ് ഗവർണർ. ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിലാണ് ഗവർണർ എത്തുന്നത്. വിഷയത്തിൽ തിരുത്തേണ്ട കാര്യമില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിലും ഗവർണറുമായി ചർച്ച നടത്താൻ സാധ്യയുണ്ട്.
Read Also: കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും









































