തിരുവനന്തപുരം: സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിക്കുമാണ് (49) ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നും, 44കാരൻ ട്യുണീഷ്യയിൽ നിന്നുമാണ് എത്തിയത്. മലപ്പുറം സ്വദേശി ഒമാനിൽ നിന്നാണ് എത്തിയതെങ്കിലും ഇയാൾ ടാൻസാനിയയിൽ സന്ദർശനം നടത്തിയിരുന്നു. തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്.
കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. മലപ്പുറത്ത് ചികിൽസയിലുള്ളയാൾ ദക്ഷിണ കർണാടക സ്വദേശിയാണ്. ഡിസംബർ 13ന് കോഴിക്കോട് എയർപോർട്ടിലെ പരിശോധനയിൽ ഇദ്ദേഹം പോസിറ്റീവായതിനാൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ ആകെ 11 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്‌ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.
Read Also: കെ-റെയിൽ; തരൂർ മുഖ്യമന്ത്രിയുടെ അംബാസിഡറെന്ന് വി മുരളീധരൻ








































