ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോവിഡിന്റെ വകഭേദമായ ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോർട് ചെയ്‌തു. ബുധനാഴ്‌ചയാണ് ഡെറാഡൂണിൽ ഒരാൾക്ക് രോഗബാധ സ്‌ഥിരീകരിച്ചത്. ആവശ്യമെങ്കിൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വൈറസ് വ്യാപനം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നതായി സർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു.
ആവശ്യമായ ഓക്‌സിജൻ, മരുന്നുകൾ, ആശുപത്രികളിലെ കിടക്ക ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്‌ടർമാർക്കും ചീഫ് മെഡിക്കൽ ഓഫിസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു.
കോവിഡ് പരിശോധനക്കും വാക്‌സിനേഷനുമായി വീടുതോറുമുള്ള സർവേ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
രാജ്യത്ത് ഇതുവരെ 200ൽ ഏറെ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Most Read: ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം; പ്രതി പിടിയിൽ








































