തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.
ഇന്നലെ മാത്രം 19 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 57 ആയി ഉയർന്നു. എറണാകുളത്ത് 11ഉം തിരുവനന്തപുരത്ത് ആറും കണ്ണൂർ തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വിദേശത്ത് നിന്ന് എത്തുന്നവർ ക്വാറന്റെയ്‌നും സ്വയം നിരീക്ഷണവും കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും. ഒമൈക്രോൺ ഭീഷണിയാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ പൂർണമായും പ്രവർത്തന സജ്‌ജമാകുന്നത് ഇനിയും നീളും. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥതല യോഗവും ചേരുന്നുണ്ട്.
അതേസമയം, 15 ലക്ഷം കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ ഒരുക്കങ്ങൾ തുടങ്ങി. വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ ഉടൻ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാരുടെ വാക്‌സിനേഷന് തുടക്കം കുറിക്കുക. 15നും 18നും ഇടയിൽ പ്രായമുള്ള 15 ലക്ഷം പേരാണ് സംസ്‌ഥാനത്തുള്ളത്.
Most Read: കിഴക്കമ്പലം സംഘർഷം; 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി







































