ന്യൂഡെൽഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിലായതായി റിപ്പോർട്. ഇന്ത്യയിൽ നിരോധിച്ച ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ ജസ്വീന്ദർ സിങ് മുൾട്ടാനിയാണ് അറസ്‌റ്റിലായത്. ഇയാളെ ജർമനിയിലെ എർഫർട്ടിൽ നിന്ന് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തതായാണ് റിപ്പോർട്.
ഇന്ത്യയിൽ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ജർമൻ പോലീസ് മുൾട്ടാനിയെ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
ഇയാളെ രാജ്യത്ത് എത്തിക്കാനാവശ്യമായ കാര്യങ്ങൾ ഇന്ത്യ വൈകാതെ തന്നെ ആരംഭിക്കും.
അതേസമയം ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന സംഘടന പാകിസ്‌ഥാൻ കേന്ദ്രങ്ങളിൽ കൂടിയും കള്ളക്കടത്തുകാരിലൂടെയും രാജ്യത്തേക്ക് ആയുധങ്ങൾ കടത്തുന്നതിന്റെ വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. പാകിസ്‌ഥാന്റേയും കള്ളക്കടത്തുകാരുടേയും സഹായത്തോടെ അതിർത്തി വഴി സ്‌ഫോടക വസ്‌തുക്കൾ, ആയുധങ്ങൾ, ഗ്രനേഡുകൾ തുടങ്ങിയവ രാജ്യത്ത് എത്തിച്ചിരുന്നു എന്നാണ് വിവരം.
കൂടാതെ സ്‌ഫോടനത്തിന് പിന്നിലെ പാകിസ്‌ഥാനിലും ജർമനിയിലും താമസിച്ചുവരുന്ന നിരോധിത സിഖ് സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണ സമയത്ത് പോലീസ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൾട്ടാനിയുടെ അറസ്‌റ്റ്.
Most Read: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ല; തെലങ്കാന കോൺഗ്രസ് നേതാവ്








































