മാനന്തവാടി: കാറിൽ നിന്ന് കൈക്കൂലിയായി വാങ്ങിച്ച പണവും തേക്കിൻ സ്റ്റമ്പുകളും പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെവി അനുരേഷിനെയാണ് വനംവകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥൻ പിടിക്കപ്പെട്ടത്. എന്നാൽ, ഇയാൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ആരോപണ വിധേയനായ അനുരേഷ് ഇത്രയും കാലം ജോലിയിൽ തുടരുകയായിരുന്നു.
കോൺട്രാക്റ്റർമാരിൽ നിന്ന് ലഭിക്കുന്ന കൈക്കൂലിയുമായി അനുരേഷ് എല്ലാ വെള്ളിയാഴ്ചകളിലും കണ്ണൂരിലുള്ള സ്വന്തം വീട്ടിൽ പോകാറുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ജൂലൈ മുപ്പതിന് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. മാനന്തവാടിയിൽ നിന്ന് കണ്ണൂർ മമ്പറത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കാറിൽ നിന്ന് കണക്കിൽപ്പെടാത്ത രണ്ടര ലക്ഷം രൂപയും ആയിരം തേക്കിൻ സ്റ്റമ്പുകളും വിജിലൻസ് പിടികൂടിയത്.
കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ച പണം കൈക്കൂലി കിട്ടിയതാണെന്നും, ഡിക്കിയിൽ സൂക്ഷിച്ചിരുന്ന തേക്കിൻ സ്റ്റമ്പുകൾക്ക് രസീത് ഉണ്ടെങ്കിലും കൃത്യമായ മേൽവിലാസം ഇല്ലാത്ത വ്യാജപേരിൽ കടത്തികൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും കണ്ടെത്തി. തുടർന്ന്, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കോഴിക്കോട് യൂണിറ്റിനെ ചുമതല പെടുത്തിയതോടെയാണ് അനുരേഷിന് നേരെ നടപടി ഉണ്ടായത്.
ഈ സാഹചര്യത്തിൽ അനുരേഷ് സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സസ്പെൻഡ് ചെയ്യണമെന്നുള്ള വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് വനംവകുപ്പ് നടപടി എടുത്തത്. സോഷ്യൽ ഫോറസ്ട്രി കോൺട്രാക്റ്റർമാരുടെ ബ്ളാങ്ക് ലെറ്റർപാഡ് ഉൾപ്പടെ സ്വകാര്യ നഴ്സറി കോൺട്രാക്റ്റർമാരുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകളും അനുരേഷിന്റെ വാഹനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. കൽപ്പറ്റ റേഞ്ച് ഓഫിസിൽ സൂക്ഷിക്കേണ്ട ഓഫിസ് സീൽ അനുരേഷ് വീട്ടിലേക്ക് പോകുമ്പോൾ കൈവശം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Most Read: രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്ര ആരോഗ്യമന്ത്രാലയം









































