പട്‌ന: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ബിഹാർ. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ സാമൂഹിക പരിഷ്‌കരണ യാത്ര അവസാനിപ്പിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിവാര ജനമ്പർക്ക പരിപാടിയായ ജനതാ ദർബാറും നിർത്തിവച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച ജനതാ ദർബാറിൽ പങ്കെടുത്ത 11 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നിർത്തി വച്ചത്.
ഡിസംബർ 22ആം തീയതിയാണ് സാമൂഹിക പരിഷ്‌കരണ യാത്ര ആരംഭിച്ചത്. ജനുവരി 15ആം തീയതി അവസാനിക്കേണ്ടിയിരുന്ന യാത്ര രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായി ബിഹാറിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
8ആം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കുകയും, സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങൾ 50 ശതമാനം ഹാജരോട് മാത്രമേ പ്രവർത്തിക്കാവൂ എന്നും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ ആരാധനാലയങ്ങൾ, പാർക്കുകൾ, ജിം, മാൾ എന്നിവ അടച്ചിടാനും നിർദ്ദേശമുണ്ട്. ഒപ്പം തന്നെ വിവാഹ ചടങ്ങുകളിൽ 50 പേർക്കും, ശവസംസ്‌കാര ചടങ്ങുകളിൽ 20 പേർക്കും മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്.
Read also: സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനോട് റിപ്പോർട് തേടി ആഭ്യന്തര മന്ത്രാലയം







































