കാസർഗോഡ്: എംഡിഎംഎ മയക്കുമരുന്നും തോക്കുമായി കാഞ്ഞങ്ങാട് നാലുപേർ പിടിയിൽ. കാഞ്ഞങ്ങാട് നഗരത്തിൽ രണ്ടിടങ്ങളിലായി ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേർ അറസ്റ്റിലായത്. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്സിലുമാണ് പോലീസ് പരിശോധന നടത്തിയത്.
ആറങ്ങാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഎ ഷാഫി (35), മീനാപ്പീസിലെ മുഹമ്മദ് ആദിൽ (26), വടകരമുക്കിലെ കെ ആഷിക് (28) എന്നിവരും ആവിക്കരയിലെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ആഷിക് മുഹമ്മദുമാണ് (24) അറസ്റ്റിലായത്. ആറങ്ങാടിയിലെ മൂന്നംഗ സംഘത്തിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ, ഇത് അളക്കുന്ന ഇലക്ട്രോണിക് യന്ത്രം, എയർഗൺ, 45,000 രൂപ, ഏഴ് സെൽഫോൺ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
1.450 ഗ്രാം എംഡിഎംഎയുമായാണ് ആവിക്കരയിലെ ആഷിക് മുഹമ്മദ് പോലീസ് പിടിയിലായത്. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെപി ഷൈജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ ഹൊസ്ദുർഗ് ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ജില്ലയിൽ വൻതോതിൽ മയക്കുമരുന്ന് എത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പോലീസ് പറഞ്ഞു.
നഗര-ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്ന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇത്തരം രഹസ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യക്കാർ എത്തും. ഒരു ഗ്രാം എംഡിഎംഎക്ക് 3,500 രൂപ ലഭിക്കുമെന്നും ഇതിൽ അമ്പത് ശതമാനവും ലാഭമാണെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തുന്നത്.
എംഡിഎംഎ കുപ്പി ഗ്ളാസിലിടും. അതിനടയിൽ ചൂടാക്കും. ഈ സമയം ഗ്ളാസിൽ നിന്ന് വരുന്ന ആവി വലിച്ചെടുക്കും. വാങ്ങാനെത്തുന്നവർ നാലോ അഞ്ചോ പേർ കാറിലിരുന്ന് ഇതേ രീതിയിൽ ആവി വലിച്ചെടുക്കുക. കാറിന്റെ ഗ്ളാസ് അടച്ചാൽ എല്ലാവർക്കും കൂടി ഒരു ഗ്ളാസിലെ ആവി മതിയാകുമെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
Most Read: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി







































