ബെംഗളൂരു: ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്താൻ ഇന്ത്യൻ വനിതാ ടീം ഒമാനിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമാണ് ടീം യാത്ര തിരിച്ചത്. ജനുവരി 21 മുതൽ 28 വരെ മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ളക്‌സിലാണ് ഇന്ത്യയുടെ മൽസരം.
ചാമ്പ്യൻഷിപ്പിൽ ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ ടീമുകളുമായി ഇന്ത്യ മാറ്റുരക്കും. മലേഷ്യയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
ഈ ടൂർണമെന്റിലെ മികച്ച നാല് ടീമുകൾ ഈ വർഷം സ്‌പെയിനിലും നെതർലൻഡിലും നടക്കുന്ന എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പിനും യോഗ്യത നേടുന്നതാണ്.
അതേസമയം ടൂർണമെന്റിലെ തങ്ങളുടെ പ്രധാന ശ്രദ്ധ എപ്പോഴും ടീമിന്റെമേൽ തന്നെ ആയിരിക്കുമെന്ന് ഗോൾകീപ്പർ സവിത പറഞ്ഞു. ‘മലേഷ്യ ജപ്പാൻ, കൊറിയ, ചൈന തുടങ്ങി മറ്റ് ടീമുകളുടെ സമീപകാല മൽസരങ്ങളുടെ വീഡിയോകൾ ഞങ്ങൾ കണ്ടു. അവർക്കായി ഞങ്ങൾ തയ്യാറെടുത്തു. എന്നാൽ ഓരോ ടീമിനും അവരുടേതായ ശക്‌തിയും ദൗർബല്യങ്ങളും ഉണ്ട്. അതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും’, സവിത വ്യക്‌തമാക്കി.
കൂടാതെ അറ്റാക്കിംഗ് ഹോക്കി കളിക്കുമ്പോൾ, പ്രതിരോധത്തിലും ഉറച്ചുനിൽക്കുമെന്നും നമ്മുടെ ശക്‌തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ എതിരാളികൾക്ക് വെല്ലുവിളിക്കാൻ പ്രയാസമാകുമെന്നും സവിത പറഞ്ഞു. ഒളിമ്പിക്‌സിന് ശേഷം അധികമൊന്നും കളിച്ചിട്ടില്ലാത്തതിനാൽ, വെല്ലുവിളികൾ നേരിടാൻ ഈ ടൂർണമെന്റ് സഹായകരമായിരിക്കും എന്നും സവിത കൂട്ടിച്ചേർത്തു.
Most Read: ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; പുതിയ ‘അറിയിപ്പു’മായി ചാക്കോച്ചൻ