തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 44.2 ശതമാനം ആണ്. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതിയാണ് ഉള്ളത്.
നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചും ജനവാസ മേഖലകൾ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് സിഎഫ്എൽടിസികൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്ന് വിമർശനം ഉയരുന്നുണ്ട്.
അതേസമയം, രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്തെ ടിപിആർ 33.07 ശതമാനമായി ഉയർന്നിരിക്കുകയാണ്. ജനുവരി 1ന് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇത് ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനവുമായി ഉയർന്നു.
ജനുവരി 16ന് 30 കടന്ന ടിപിആർ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തിൽ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ടിപിആറിൽ ഉണ്ടായ വർധന 21 ശതമാനമാണ്. സംസ്ഥാനത്തെ രോഗവ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.
Most Read: ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്റ്റിൽ







































