കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപിച്ചതോടെ ആശുപത്രി കേസുകളുടെ എണ്ണവും കൂടുകയാണ്. ജില്ലയിൽ തെക്കിലിയിലെ ടാറ്റാ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ കോവിഡ് ബാധിച്ച ഗർഭിണികളെയാണ് പ്രവേശിപ്പിക്കുന്നത്.
പത്ത് കിടക്കകളാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. നിലവിൽ ഇവിടെ ഏഴ് ഗർഭിണികൾ ചികിൽസയിൽ കഴിയുന്നുണ്ട്. ടാറ്റാ ആശുപത്രിയിൽ 142 പേരുണ്ട്. ഇതിൽ 99 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്. 12 പേർ ഐസിയുവിൽ ഉണ്ട്. പത്ത് ദിവസത്തിനിടെയാണ് രോഗികളുടെ എണ്ണത്തിൽ അഞ്ചിരട്ടിയോളം വർധനവ് ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിൽസയ്‌ക്കായി അധികം കിടക്കകൾ ഇല്ലാത്തതും വെല്ലുവിളിയാണ്.
നിലവിൽ ഇവിടെ രണ്ടുപേരാണ് ചികിൽസയിൽ ഉള്ളത്. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ 125 ഓളം പേർ ചികിൽസയിൽ ഉണ്ട്. നിലവിൽ കോവിഡ് ചികിൽസയിൽ ഉള്ളവരുടെ ആകെ എണ്ണം 4885 ആണ്. ബാക്കിയുള്ളവർ വീടുകളിലാണ് കഴിയുന്നത്. ഇതിനിടെ ജില്ലയിൽ കോവിഡ് ചികിൽസാലയം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. കൂടാതെ, ജില്ലാ ആശുപത്രിയിൽ കൂടുതൽ കിടക്കകൾ മാറ്റിവെക്കാനും ആലോചിക്കുന്നുണ്ട്.
Most Read: കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം







































