ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

By News Desk, Malabar News
Ananya-Kumari's death
Ajwa Travels

തിരുവനന്തപുരം: കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ലിംഗമാറ്റ ശസ്‌ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്‌മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

2021 ജൂലൈയിലാണ് അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിന് മുൻപ് നടത്തിയ ലിംഗമാറ്റ ശസ്‍ത്രക്രിയക്ക് ശേഷം അനന്യ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ശസ്‍ത്രക്രിയക്ക് ശേഷം ഒരു വർഷം കഴിഞ്ഞും തനിക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും, നിശ്‌ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കില്ലെന്നും അനന്യ നേരത്തെ പരാതിപ്പെട്ടിരുന്നു. ശസ്‌ത്രക്രിയയിൽ പിഴവ് ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെയും അനന്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്‍മഹത്യ.

അനന്യയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും ലിംഗമാറ്റ ശസ്‍ത്രക്രിയ വിജയകരമല്ലെന്നാണ് വ്യക്‌തമാക്കിയിരുന്നത്. സ്വകാര്യഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഡോക്‌ടർ റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. എന്നാൽ, ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.

പാലാരിവട്ടത്തെ റെനെ മെഡിസിറ്റി ഹോസ്‌പിറ്റലിനെതിരെയും ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ അശോകിനെതിരെയുമാണ് അനന്യ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ഡോ. അർജുൻ അശോകിനെതിരെ ഇതിന് മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. പ്രതിഷേധങ്ങൾ കനത്തപ്പോൾ ഡോക്‌ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മൽസരിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

Also Read: നിശ്‌ചല ദൃശ്യ വിവാദം; കേരളത്തെ ഒഴിവാക്കിയത് സംഘ്‌പരിവാർ അജണ്ടയെന്ന് കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE