കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ ചാനൽ ചർച്ചയിൽ അഭിപ്രായം പറഞ്ഞതിന് എഴുത്തുകാരൻ എംഎൻ കാരശ്ശേരിയ്ക്കെതിരെ സൈബർ ആക്രമണം.
അടുത്തിടെ കവി റഫീഖ് അഹമ്മദിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ താൻ റഫീഖ് അഹമ്മദിനെ പിന്തുണക്കുന്നു എന്ന് പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചതെന്ന് കാരശ്ശേരി പറയുന്നു.
2016ൽ താൻ ജർമനിയിൽ പോയപ്പോൾ ഒരു ട്രെയിനിലിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് സൈബർ അക്രമികൾ പഴി പറയുന്നത്. ബർലിൻ സർവകലാശാലയിൽ ഒരു സെമിനാറിൽ പങ്കെടുക്കാനും ഫ്രീ യൂണിവേഴ്സിറ്റിയിൽ ക്ളാസുകൾ എടുക്കാനുമാണ് അന്ന് വിദേശത്ത് പോയത്.
കാശുള്ള നിങ്ങൾക്കൊക്കെ വിദേശത്ത് പോയി ഇത്തരം സൗകര്യങ്ങൾ അനുഭവിക്കാം. കേരളീയർക്ക് ഇതൊന്നും വേണ്ടേ തുടങ്ങിയ അധിക്ഷേപങ്ങളാണ് ഉയരുന്നത്. ഇതുകൊണ്ടൊന്നും തന്റെ വായ മൂടിക്കെട്ടാനാകില്ലെന്ന് കാരശ്ശേരി പ്രതികരിച്ചു.
കെ റെയിലിന് വേണ്ടി 50000 ആളുകളെ കുടിയൊഴിപ്പിക്കുമ്പോൾ അഞ്ച് ലക്ഷം പേർ അനാഥരാകുന്ന അവസ്ഥയുണ്ട്. അവരെ പുനരധിവസിപ്പിക്കുക എന്നത് വലിയൊരു പ്രശ്നമാണ്. ഇത് ശാസ്ത്ര സാഹിത്യ പരിഷത്തൊക്കെ ചൂണ്ടിക്കാട്ടിയ കാര്യമാണ്. ഇതേക്കുറിച്ചുള്ള ഒരു സംവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കുമ്പോൾ മറുവാദങ്ങൾ ഇല്ലാത്തവരാണ് അധിക്ഷേപത്തിന് മുതിരുന്നത്. തനിക്കതിൽ പരാതിയോ പരിഭവമോ ഇല്ലെന്ന് കാരശ്ശേരി പറഞ്ഞു.
ഇത്തരം വിമർശനങ്ങൾ ഉയരുമ്പോൾ വിഷയത്തിലെ തന്റെ നിലപാടിന് വിപുലമായ ശ്രദ്ധ കിട്ടുകയാണ്. സൈബർ ഗുണ്ടകൾ വ്യക്തിഹത്യ നടത്തുമ്പോൾ മുട്ടുമടക്കുന്ന ഒരാളല്ല താനെന്നും ഇതൊരു തമാശയായേ എടുക്കുന്നുള്ളൂ എന്നും കാരശ്ശേരി വ്യക്തമാക്കി.
Also Read: സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു







































