തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മാനനഷ്‌ട കേസിലെ വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി. വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് നിർദ്ദേശം. തുക കെട്ടിവെച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണം. സോളാർ കേസിലെ ആരോപണത്തിൽ 10,10,000 രൂപ നൽകാനുള്ള വിധിക്കെതിരെയാണ് അപ്പീൽ.
2013ൽ ഒരു വാരികയുടെ അഭിമുഖത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വിഎസിന്റെ പരാമർശത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തുടർന്ന് തിരുവനന്തപുരം സബ് കോടതി ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
വിഎസിനെതിരെ 2014ലാണ് ഉമ്മൻചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്‌തത്. പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്‌തപ്പോൾ അത് 10,10,000 രൂപയായി. നഷ്‌ടപരിഹാരത്തിന് പുറമേ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് ഉമ്മൻചാണ്ടിക്ക് നൽകണമെന്നാണ് കോടതി വിധി.
Also Read: സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും