തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സർക്കാരിന് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട കാര്യമില്ല. വിദേശ വായ്‌പയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആർ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്‌പക്ക് ശുപാർശ ചെയ്‌തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകൾക്ക് സ്‌റ്റാൻഡേർഡ് ഗേജ് ആണ് അഭികാമ്യമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മുടങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കടമെടുപ്പിന് ഗ്യാരണ്ടി നൽകുന്നത് സംസ്‌ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നര ലക്ഷം കോടിയിലേറെ ചെലവാകും. ഈ ബാധ്യത താങ്ങാൻ കേരളത്തിനാകില്ല. പണം തിരിച്ചു കിട്ടുമെന്നുറപ്പുള്ളവർ മാത്രമേ വായ്‌പ നൽകുവെന്നും പ്രതിപക്ഷ നേതവ് പറഞ്ഞു.
സാങ്കേതിക സാമ്പത്തിക പ്രായോഗികത പരിഗണിച്ചാണ് നടപടിയെന്നും കേരള സർക്കാർ ഗ്യാരണ്ടിയുടെ കാര്യത്തിൽ ഉറപ്പ് നൽകുമെന്നും ധനമന്ത്രി പ്രതികരിച്ചു. അതേസമയം ഗ്യാരണ്ടി നൽകുമെന്ന ഫയലിൽ ധനമന്ത്രി ഒപ്പിട്ടിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് വ്യക്‌തമായ മറുപടി ധനമന്ത്രി നൽകിയില്ല.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ







































