കീവ്: റഷ്യൻ ആക്രമണം രണ്ടാം ദിനവും രൂക്ഷമായി തുടരവേ കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രൈൻ സേന നിലയുറപ്പിച്ചു. 30 ലക്ഷം ജനസംഖ്യയുള്ള കീവിലെ ഉത്തരമേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രൈൻ അറിയിച്ചു.
യുക്രൈന് കൂടുതൽ പ്രതിരോധ സഹായം നൽകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ അറിയിച്ചിരുന്നു. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നൽകും. യൂറോ- അറ്റ്‌ലാന്റിക് മേഖല നേരിടുന്നത് വൻ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കൻ യൂറോപ്പിൽ സൈനിക വിന്യാസം വർധിപ്പിക്കും. 120 പടക്കപ്പലും 30 യുദ്ധവിമാനങ്ങളും തയാറാണെന്നും നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു.
സാഹചര്യം രൂക്ഷമാകുന്നതിനിടെ ജനങ്ങളോട് പെട്രോൾ ബോംബുകളുമായി റഷ്യൻ സൈന്യത്തെ ചെറുക്കാൻ പ്രസിഡണ്ട് വൊളിഡിമിർ സെലെൻസ്‌കി ആഹ്വാനം ചെയ്‌തു. 18,000 തോക്കുകൾ പൗരൻമാർക്ക് കൈമാറിയിട്ടുണ്ട്. യുക്രൈൻ സൈന്യത്തിന് കൈമാറാനുള്ള യുഎസിന്റെ ജാവലിൻ ടാങ്ക് വേധ മിസൈലുകൾ എസ്‌തോണിയയിൽനിന്നു പുറപ്പെട്ടു. കീവിന് സമീപമുള്ള തന്ത്രപ്രധാനമായ ഹോട്ടമിൽ വ്യോമത്താവളം റഷ്യ പിടിച്ചെടുത്തു.
ഇതിനിടെ രാജ്യത്തിന്റെ അധികാരം പിടിക്കാൻ യുക്രൈൻ സൈന്യത്തോട് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ആഹ്വാനം ചെയ്‌തു. പൊതുജനങ്ങൾക്ക് ആയുധം നൽകി സൈന്യത്തെ ദുർബലമാക്കുന്ന സർക്കാരിനെ പുറത്താക്കണം. സൈന്യം അധികാരമേറ്റാൽ സമാധാന ചർച്ചകൾ സുഗമമാകുമെന്നും പുടിൻ പറഞ്ഞു.
Most Read: ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്








































