ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലേക്ക് കടന്നതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സ്വന്തം നിലക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പ്രാദേശിക സമയം പത്ത് മണിക്കും 12 മണിക്കുമിടെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഹംഗേറിയ സിറ്റി സെന്ററിൽ എത്തിച്ചേരാൻ എംബസി വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി.
യുക്രൈനിലെ യുദ്ധബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവർ നിജസ്ഥിതി വിവരിച്ചുകൊണ്ടുള്ള ഫോം അടിയന്തരമായി പൂരിപ്പിച്ച് നൽകാനും എംബസി നിർദ്ദേശിച്ചിരുന്നു. പേരും പാസ്പോർട്ട് നമ്പറും നിലവിലെ ലൊക്കേഷനും അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനാണ് നിർദ്ദേശം.
കിഴക്കൻ യുക്രൈനിലെ യുദ്ധബാധിത മേഖലകളിൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇവരെ പുറത്തെത്തിക്കാൻ ബസുകൾ സജ്ജീകരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിൽ നിന്ന് 63 വിമാനങ്ങളിലായി ഏകദേശം 13,300 പേരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു.
Most Read: ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്റ്റഡിയിൽ എടുത്ത് പോലീസ്








































