ടോക്യോ: ജപ്പാനിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോഗത്തില്‍ അറിയിച്ചു. ആകെ 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു. ഫുക്കുഷിമയില്‍ ബുധനാഴ്ച രാത്രിയിലാണ് ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ വരെ ഭൂചനലത്തിന്റെ പ്രകമ്പനം എത്തിയെന്നാണ് സൂചന. കെട്ടിടങ്ങൾ പലതും അപകടകരമായ രീതിയിൽ ആടിയുലഞ്ഞെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ചിലർ ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ഉൾപ്പെടെ പങ്കുവച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ശക്തമായി പ്രഹരമേൽപ്പിച്ചേക്കാമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഭൂചലനത്തെ തുടർന്ന് 20 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ടെപ്കോ എന്ന കമ്പനി വഴിയാണ് ടോക്കിയോ ഉൾപ്പെടുന്ന മേഖലയിൽ വൈദ്യുതി വിതരണം നടക്കുന്നത്. ഇവരുടെ പ്രവർത്തനം തടസപ്പെട്ടു. 2011 മാർച്ച് 11ന് സമാനമായ രീതിയിൽ ജപ്പാനിൽ ഭൂചലനമുണ്ടായിരുന്നു. 15,000 ആളുകളാണ് അന്ന് ജപ്പാനിൽ കൊല്ലപ്പെട്ടത്. ഫുക്കുഷിമ ആണവനിലയത്തിനും അന്ന് തകരാർ സംഭവിച്ചിരുന്നു.
Read Also: മതസ്പർധ വളർത്തൽ; യൂട്യൂബ് ചാനൽ അവതാരകനെ പോലീസ് അറസ്റ്റ് ചെയ്തു