ന്യൂഡെല്‍ഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി.) കൃത്യമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ളിക് ടി.വി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ.) ശിവ സുബ്രമണ്യം സുന്ദരം ചോദ്യം ചെയ്യലിന് ഹാജരായില്ല. കേസില്‍ അന്വേഷണം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ശിവ സുബ്രമണ്യം സുന്ദരം പോലീസ് കമ്മീഷണര്‍ക്ക് കത്ത് അയച്ചു.
റിപ്പബ്ളിക് ടി.വി. സുപീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമാകുന്നത് വരെ അന്വേഷണം നിര്‍ത്തി വെക്കണമെന്നും ആണ് ശിവ സുബ്രമണ്യം സുന്ദരം മുംബൈ പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. ഹരജിയില്‍ കോടതിയുടെ തീര്‍പ്പ് അറിഞ്ഞ ശേഷം കേസ് അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 14, 15 തീയതികളില്‍ മാത്രമേ താന്‍ മുംബൈയില്‍ ഉണ്ടാവുകയുള്ളുവെന്നും ശിവസുന്ദരം പോലീസിനെ അറിയിച്ചു.
കേസില്‍ ശനിയാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ചാനല്‍ സി.എഫ്.ഒ.ക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചില പരസ്യ ഏജന്‍സി ഉടമകള്‍ ശനിയാഴ്‌ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
Read Also: കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും; മുഖ്യമന്ത്രി






































