തിരുവനന്തപുരം: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചുവെന്ന് സിഐടിയു. തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ചാനലില്‍ വന്ന വാര്‍ത്ത അടിസ്‌ഥാന രഹിതവും വസ്‌തുതാ വിരുദ്ധവുമാണെന്ന് സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു.
തിരുവനന്തപുരം ടിബി സെന്ററില്‍ വന്ന കോവിഡ് വാക്‌സിൻ ക്യാരിയര്‍ ബോക്‌സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തൊഴിലാളികള്‍ അനിശ്‌ചിതത്വം സൃഷ്‌ടിച്ചുവെന്നും ആയിരുന്നു റിപ്പബ്ളിക് ടിവി റിപ്പോർട് ചെയ്‌തത്.
എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വാക്‌സിനേഷൻ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നതെന്നും സിഐടിയു പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
തൊഴിലാളികള്‍ കൂലിക്കായി യാതൊരു തര്‍ക്കവും ഉന്നയിച്ചിരുന്നില്ല. കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിക്കാനാണ് ചാനല്‍ ശ്രമിക്കുന്നതെന്നും സിഐടിയു ആരോപിച്ചു.
കോവിഡ് ഒന്നാം തരംഗ സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാലികളുടെ അധ്വാനത്തെ അപമാനിക്കുന്ന തരത്തില്‍ ഇത്തരം വാര്‍ത്ത നിര്‍മിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും സിഐടിയു പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read: മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി