തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 8ആം തീയതി മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ബേക്കറികൾക്കും ഈ സമയത്ത് തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ.
പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. കൂടാതെ അന്തർജില്ലാ യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അടിയന്തിര ഘട്ടങ്ങളിൽ പുറത്തിറങ്ങുന്ന ആളുകൾ സത്യവാങ്മൂലം കയ്യിൽ കരുതണം. സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. എന്നാൽ അവശ്യ സർവീസിൽ ഉൾപ്പെടുന്ന ഓഫീസുകൾ പ്രവർത്തിക്കും. ബാങ്ക്, ഇൻഷുറൻസ് സ്‌ഥാപനങ്ങൾ എന്നിവ 10 മണി മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. കൂടാതെ പെട്രോൾ പമ്പുകളും, വർക്ക്‌ഷോപ്പുകളും തുറക്കാമെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
വിവാഹച്ചടങ്ങുകളിൽ 30 പേർക്കും, മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും മാത്രമായിരിക്കും പ്രവേശന അനുമതി. ആരാധനാലയങ്ങളിൽ ഭക്‌തർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ ആശുപത്രി, വാക്‌സിനേഷൻ എന്നിവക്കുള്ള യാത്രകൾക്കും തടസം ഉണ്ടായിരിക്കില്ല.
Read also : രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ മെയ് 20ന്