തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ മെയ് 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മെയ് 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും സത്യപ്രതിജ്‌ഞ.
ഇന്ന് വൈകിട്ട് എകെജി സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പിണറായി വിജയൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്‌ണൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
സത്യപ്രതിജ്‌ഞക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായി. സത്യപ്രതിജ്‌ഞാ ചടങ്ങ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാജ്ഭവനില്‍ ലളിതമായിട്ടാവും നടത്തുക. പരമാവധി ആളെ ചുരുക്കി ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.
2016 മെയ് 25നായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞ സര്‍ക്കാരില്‍ സിപിഎമ്മിന് ഉണ്ടായിരുന്നത്. സിപിഐക്ക് നാലും എന്‍സിപി, ജെഡിഎസ് എന്നിവക്ക് ഓരോന്നു വീതവും മന്ത്രിമാരുണ്ടായിരുന്നു.
Also Read: കരിഞ്ചന്തയിൽ ഓക്‌സിജൻ വിറ്റാൽ കടുത്ത നടപടി; സംസ്‌ഥാനത്ത് കർശന നിയന്ത്രണം