തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിലെ ഓക്‌സിജൻ വിൽപ്പന ഉൾപ്പടെയുള്ള പ്രവൃത്തികൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ. കരിഞ്ചന്തയില്‍ ഓക്‌സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടിയുള്ള വിൽപ്പന എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി സംസ്‌ഥാനത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.
കർശന നിർദ്ദേശങ്ങൾ നൽകിയ സാഹചര്യത്തിൽ നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ പൂഴ്‌ത്തി വെക്കാൻ അനുവദിക്കില്ല. ഉപയോഗശേഷം സിലിണ്ടറുകൾ വേഗം തന്നെ മടക്കിനൽകണം. അവ പൂഴ്‌ത്തി വെക്കാനോ, അതിലൂടെ സംസ്‌ഥാനത്ത് കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഓക്‌സിജൻ സിലിണ്ടറുകൾ സപ്ളൈ ചെയ്യുന്നവരും, അവ ഉപയോഗിക്കുന്ന സ്‌ഥാപനങ്ങളും ഓക്‌സിജൻ സ്‌റ്റോക്ക് കൃത്യമായി സർക്കാരിനെ അറിയിക്കണം. കളക്‌ടർമാർ നിയോഗിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ഓക്‌സിജൻ സംഭരണ കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും കൃത്യമായി നിരീക്ഷണം നടത്തും. കൂടാതെ സംസ്‌ഥാനത്ത് മെഡിക്കൽ ഓക്‌സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ സംവിധാനമൊരുക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : തമിഴ്‌നാട് മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും സ്‌റ്റാലിന്