ന്യൂഡെൽഹി: രാജ്യത്തുണ്ടായ കോവിഡ് രണ്ടാം തരംഗ സമയത്ത് ഓക്‌സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്‌ദാനം നൽകി വഞ്ചിച്ച ഒൻപതംഗ സംഘം പിടിയിൽ. ആയിരത്തിലേറെ പേരിൽ നിന്നായി 1.5 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.
സരിത ദേവി, പിൻകി ദേവി, അമിത് റോഷൻ, നിതീഷ് കുമാർ, സനു നന്ദി, സൗമൻ മോൻഡാൽ, ഉദ്പൽ ഘോഷ്, പവാൻ, കമാൽ കാന്ദ് സിൻഹ എന്നിവരെയാണ് ഡെൽഹി പോലീസ് പ്രത്യേക സംഘം ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്.
ഓക്‌സിജൻ സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുമെന്ന് പറഞ്ഞ് സമൂഹ മാദ്ധ്യമം വഴി ഫോൺ നമ്പരുകൾ പ്രചരിപ്പിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. തുടർന്ന് തങ്ങളെ ബന്ധപ്പെടുന്നവരോട് സിലിണ്ടറുകൾ വീട്ടുപടിക്കൽ എത്തിക്കണമെങ്കിൽ പണം അഡ്വാൻസായി നൽകണമെന്ന് ആവശ്യപ്പെടുകയും എന്നാൽ പിന്നീട് സിലിണ്ടർ എത്തിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാറില്ല.
കോവിഡ് ബാധിതയായ ഭാര്യക്ക് ഓക്‌സിജൻ ആവശ്യം വന്ന സമയത്താണ് വിനോദ് കുമാർ എന്നയാൾ തട്ടിപ്പിനിരയായത്. അഡ്വാൻസായി 25,000 രൂപ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട സംഘം, സിലിണ്ടർ വേഗത്തിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ലഭിക്കാതായപ്പോഴാണ് ഇദ്ദേഹം പോലീസിനെ സമീപിച്ചത്.
ഫോൺ നമ്പറുകളുടെയും ബാങ്ക് വഴി നടത്തിയ പണമിടപാടുകളുടെയും അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയതെന്ന് സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷണർ കെപിഎസ് മൽഹോത്ര പറഞ്ഞു. ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നായി പിടിയിലായ പ്രതികളുടെ കൈയിൽ നിന്ന് ഒൻപത് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്, പതിനൊന്ന് സിം കാർഡുകൾ, ഏഴ് എടിഎം കാർഡ് എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Read also: ത്രിപുര തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു