മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനിയെ 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് കഞ്ചന്‍ധാനിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.
ഞായറാഴ്‌ച രാവിലെ മുംബൈയിലെ ഫ്ളാറ്റിലെത്തിയാണ് പോലീസ് കഞ്ചന്‍ധാനിയെ അറസ്‌റ്റ് ചെയ്‌തത്. കഞ്ചന്‍ധാനിയുടെയും റിപ്പബ്ളിക് ടിവി സിഎഫ്ഒ ശിവസുബ്രഹ്‌മണ്യന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആയിരുന്നു അറസ്‌റ്റ്.
നേരത്തെ റിപ്പബ്ളിക് ടിവി ജീവനക്കാരെ അറസ്‌റ്റ് ചെയ്യുന്നതില്‍ നിന്നും മഹാരാഷ്‌ട്ര പോലീസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയില്‍ ഉന്നിയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലുമാവില്ലെന്ന് കോടതി പറഞ്ഞതോടെ ഹരജി പിന്‍വലിക്കുകയായിരുന്നു.
ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക്ക് ടിവി അടക്കം മൂന്ന് ചാനലുകൾക്ക് എതിരെ മുംബൈ പോലീസ് അന്വേഷണം നടത്തിവരികയാണ്. ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിംഗിൽ ചാനലുകൾ തിരിമറി നടത്തിയെന്നാണ് മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ട്.
റേറ്റിംഗ് തയ്യാറാക്കുന്ന ബ്രോഡ്‌കാസ്‌റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് വേണ്ടി ഹസ്‌ന റിസർച്ച് എന്ന സ്‌ഥാപനം മുംബൈയിലെ 200 വീടുകളിൽ റേറ്റിംഗ് ഉപകരണങ്ങൾ സ്‌ഥാപിച്ചിരുന്നു. ഇതിന് നിയോഗിക്കപ്പെട്ട ജീവനക്കാരിൽ ചിലർ ചാനലുകൾക്കായി തിരിമറി നടത്തിയെന്നാണ് കേസ്.
റിപ്പബ്ളിക് ടിവിക്ക് പുറമേ ഫക്‌ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ചാനലുകള്‍ക്കെതിരേയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ 13 പേരാണ് കേസിൽ അറസ്‌റ്റിലായത്.
Kerala News: സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വ്യാഴാഴ്‌ച ഹാജരാകാൻ നിർദേശം