വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ ആരോപിച്ചതെന്നും ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ പറഞ്ഞു.
‘ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥർക്ക് എതിരെ സിന്ധുവും പരാതി നൽകിയിട്ടില്ല. ഇന്നലെയും ചിരിച്ചു കൊണ്ടാണ് ഓഫിസിൽ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്ന് അറിയില്ലെന്നും’ ബിനോദ് കൃഷ്ണ പറഞ്ഞു.
മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ളര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു(42)വിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയാണ് സിന്ധു. സിന്ധുവിന്റെ മരണത്തിന് പിന്നാലെ ദുരൂഹത ആരോപിച്ചു സഹോദരൻ രംഗത്തെത്തിയിരുന്നു.
മാനസിക പീഡനം മൂലമാണ് സിന്ധു ജീവനൊടുക്കിയതെന്നാണ് സഹോദരന് നോബില്‍ ആരോപിച്ചിരുന്നത്. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന് വ്യക്തമാക്കി.
Most Read: ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്








































