ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്‌കാരത്തോട് അനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ പറഞ്ഞു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്‌പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും സന്ദേശം നൽകി.
പ്രവാസലോകത്തെ എല്ലാ രാജ്യങ്ങളും ഈദുല്‍ ഫിത്‌ർ ആഘോഷങ്ങളുടെ നിറവിലാണ്. പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ എണ്ണമറ്റ ഈദ് ഗാഹുകളും പള്ളികളും വിശ്വാസികളെ കൊണ്ട് നിറഞ്ഞു.
സാമൂഹിക അകലം പാലിച്ചാണ് പള്ളികളിലും ഈദ് ഗാഹുകളിലും നമസ്‌കാരം നടന്നത്. കോവിഡ് നിർദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ് ഗാഹുകളും ഇക്കുറി സജ്‌ജമായി. യുഎഇയിലും മറ്റും മലയാളി ഈദ് ഗാഹുകളില്‍ പെരുന്നാൾ നമസ്‌കാരം നടന്നു.
യുഎഇയിൽ നമസ്‌കാരവും ഖുത്ബയും ചേർത്ത് 20 മിനിറ്റ് സമയമാണ് അനുവദിച്ചിരുന്നത്. കോവിഡ് കുറഞ്ഞെങ്കിലും മഹാമാരിക്കെതിരായ ജാഗ്രത കൈവിടാതെയാണ് ഇക്കുറിയും പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസലോകം പ്രവേശിക്കുന്നത്.
Most Read: വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യ്‌ക്കെതിരെ മാലാ പാർവതി, രാജിവെച്ചു








































