ആലപ്പുഴ: നൂറനാട് സിപിഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ കൂടി അറസ്‌റ്റിൽ. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനു ഖാൻ ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്. ഇവരിൽ എഐവൈഎഫിന്റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡണ്ടുമാരും ഉൽപ്പെടുന്നുണ്ട്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ സിപിഐക്കാരുടെ എണ്ണം 11 ആയി.
എഐവൈഎഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവൻ, എഐവൈഎഫ് ചാരുംമൂട് മണ്ഡലം പ്രസിഡണ്ട് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിൻദാസ്, മാവേലിക്കര മണ്ഡലം പ്രസിഡണ്ട് അംജാദ്, ഷാനു മസൂദ് അനുകരക്കാട്, മുരളി കൃഷ്‌ണൻ, അരുൺ കരിമുളയ്‌ക്കൽ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്‌റ്റ് ഉണ്ടാവില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഓഫിസ് ആക്രമണത്തിന് സോളമൻ പ്രേരണ നൽകിയെന്നും ആക്രമണത്തിൽ പങ്കെടുത്തു എന്നുമുള്ള മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇയാളെ കേസിൽ പ്രതിചേർത്തതെന്നാണ് വിശദീകരണം.
വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു തെളിവ് ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. അതേസമയം, റിമാൻഡിൽ കഴിയുന്ന ഓഫിസ് ആക്രമണ കേസിലെ പ്രതികളായ സിപിഐ പ്രവർത്തകരെയും പോലീസിനെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ കോൺഗ്രസ് പ്രവർത്തകരെയും കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഉടൻ അപേക്ഷ നൽകും.
Most Read: 10നും ശമ്പളം ലഭിച്ചേക്കില്ല; പണിമുടക്കിൽ നാല് കോടിയിലധികം നഷ്‌ടം- മാനേജ്‌മെന്റ്








































