രഞ്‌ജിത്ത് വധക്കേസ്; ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ

മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്.

By Trainee Reporter, Malabar News
Ranjith murder case;
Ajwa Travels

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായത്.

മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്. ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ജഡ്‌ജിക്ക് പോലീസ് സുരക്ഷ ശക്‌തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പടെ ജഡ്‌ജിക്ക് എസ്‌ഐ അടക്കം അഞ്ചു പോലീസുകാരുടെ കാവലാണുള്ളത്.

അതേസമയം, രഞ്‌ജിത്ത് ശ്രീനിവാസ് വധക്കേസിലെ രണ്ടാംഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. 20 പ്രതികളാണ് രണ്ടാംഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോർട് തയ്യാറാക്കുമ്പോൾ ചിലർക്കെതിരെ ഗൂഢാലോചനാ കുറ്റത്തിനും സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 35 ആകും.

കേസിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കുമെതിരെയാണ് ആദ്യം അന്വേഷണം പൂർത്തിയാക്കിയത്. 15 പേരായിരുന്നു ഇവർ. ഇവരാണ് ആദ്യഘട്ട വിചാരണ നേരിട്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. ഒടുവിൽ ജനുവരി 30ന് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച കോടതി 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്‌താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

2021 ഡിസംബർ 19നാണ് രഞ്‌ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും മകളുടെയും മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. ഡിവൈഎസ്‌പി എൻആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപ്പരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചന, അന്യായമായ സംഘം ചേരൽ, ലഹള, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധനിയമ പ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Most Read| 31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE