കൊച്ചി: പുതുമുഖ നടിയുടെ പീഡനപരാതിയിൽ വിജയ് ബാബുവിനെ 9 മണിക്കൂര് ചോദ്യം ചെയ്ത് വിട്ടയച്ചു. രാത്രി ഏറെ വൈകിയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. നാളെയും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതോടെയാണ് ദുബായിലേക്ക് ഒളിവിൽ പോയ വിജയ് ബാബു കൊച്ചിയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയത്. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു താനുമായി ഉണ്ടായതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതാണ് വൈരാഗ്യ കാരണമെന്നും വിജയ് ബാബു അവകാശപ്പെട്ടു.
സത്യം തെളിയുമെന്നും കോടതിയിൽ പൂർണ വിശ്വാസം ഉള്ളതായും അന്വേഷണത്തിൽ പോലീസിനോട് പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു രാവിലെ കൊച്ചി എയർപോർട്ടിൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടിൽ എത്തിയാലുടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതിനാൽ എയർപോർട്ടിൽ നിന്ന് നേരെ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു വിജയ് ബാബു.
വഴി മധ്യേ ക്ഷേത്രദർശനവും നടത്തി പത്തേമുക്കാലോടെ സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹാജരായ വിജയ് ബാബു രാത്രി 10 മണിയോടെയാണ് മടങ്ങിയത്. 2022 ഏപ്രിൽ 22ന് മലയാള സിനിമയിലെ പുതുമുഖ നടി വിജയ് ബാബുവിനെതിരെ ലൈംഗികവും ശാരീരികവുമായ പീഡനം നടത്തിയെന്ന് അവകാശപ്പെട്ട് പരാതി നൽകിയത്.

സൗഹൃദത്തിന്റെയും പ്രലോഭനങ്ങളുടെയും മറവിൽ വിജയ് ബാബു തന്നെ മാനസികമായും ശാരീരികമായും പീഡനം നടത്തിയെന്ന പരാതിയുടെ പുറത്താണ് ക്രിമിനൽ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ച് രണ്ട് ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കി വിജയ ബാബുവിനെ കസ്റ്റഡിയിൽ എടുക്കാനായി തുനിയുമ്പോഴാണ് ഇയാൾ ഇന്ത്യ വിട്ട് ദുബായിലേക്ക് കടന്നത്.
തുടർന്ന് എയർപോർട്ടുകളിൽ, പോലീസ് ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും തെളിവുകൾക്കായി ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്യുകയും സ്വത്തുക്കളെ കുറിച്ചന്വേഷിക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നു. ദുബായിയിൽ എത്തിയ വിജയ് ബാബു ഫേസ്ബുക് ലൈവിൽ വന്ന് ‘ഇരയാക്കപ്പെട്ടവൻ’ താനാണെന്ന് അവകാശപ്പെട്ട് ആരോപണങ്ങൾ നിഷേധിക്കുകയും നടിയുടെ പേരു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇരയുടെ പേര് പരസ്യമാക്കിയതിൽ ഐപിസി സെക്ഷൻ 228 എ പ്രകാരം പോലീസ് വിജയ് ബാബുവിനെതിരെ മറ്റൊരു കേസും കൂടി ചുമത്തിയിട്ടുണ്ട്. താൻ ഒളിവിൽ പോയതല്ലെന്നും കേസ് എടുത്ത വിവരം അറിയാതെ ഏപ്രിൽ 22ന് ഷൂട്ടിങ്ങിനായി ഗോവയിലേക്കും അവിടെനിന്ന് 24ന് ദുബൈയിലേക്കും പോയതെന്നാണ് വിജയ് ബാബു പറയുന്നത്.
Most Read: 10,000 വർഷങ്ങൾക്ക് മുൻപ് കാണാതായി; ആ പാമ്പ് ഇവിടെയുണ്ട്









































