ന്യൂഡെൽഹി: ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ 2 കോടി രൂപയിലധികം പണവും 1.8 കിലോ തൂക്കം വരുന്ന സ്വർണവും പിടികൂടി. തിങ്കളാഴ്‌ചയാണ് പരിശോധന നടന്നത്.
രാം പ്രകാശ് ജ്വല്ലേഴ്‌സ് ലിമിറ്റഡിന്റെ പരിസരത്ത് നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തതായി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ ഏജൻസി അറിയിച്ചു. വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ, നവീൻ ജെയിൻ എന്നിവർ രാം പ്രകാശ് ജ്വല്ലേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്‌ടർമാരാണെന്നും അവർ കള്ളപ്പണം വെളുപ്പിക്കുന്നതിൽ സത്യേന്ദ്ര ജെയിനെ നേരിട്ടോ അല്ലാതെയോ സഹായിച്ചിട്ടുണ്ടെന്നും ഏജൻസി പറഞ്ഞു.
അതേസമയം, റെയ്‌ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഡെൽഹി മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. “എഎപിക്കും ഡെൽഹിയിലെയും പഞ്ചാബിലെയും എഎപി സർക്കാരുകൾക്കും പിന്നാലെയാണ് പ്രധാനമന്ത്രി. നുണകൾ, നുണകൾക്ക് മേൽ കൂടുതൽ നുണകൾ. നിങ്ങൾക്ക് എല്ലാ ഏജൻസികളുടെയും മേൽ അധികാരമുണ്ട്, പക്ഷേ ദൈവം ഞങ്ങളോടൊപ്പമുണ്ട്,”- കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
ജൂൺ ഒന്നു മുതൽ ഡെൽഹി മന്ത്രി ഇഡി കസ്‌റ്റഡിയിലാണ്. കഴിഞ്ഞ മെയ് 30നാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ ആയത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ഡെൽഹിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
2017ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.
Most Read: ഹൈദരാബാദിൽ വീണ്ടും പീഡനം; ഇരകളായത് നാല് പെൺകുട്ടികൾ, ഞെട്ടൽ മാറാതെ ജനം








































