ന്യൂഡെൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് എതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ബീഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. അതിനിടെ ബീഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണയാൾ ചികിൽസയിൽ ആയിരുന്നു.
വലിയ പ്രതിഷേധങ്ങൾ മുന്നിൽക്കണ്ട് കൂടുതൽ പോലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിയാനയിലും ബീഹാറിലും ഇന്റർനെറ്റ് വിലക്ക് തുടരുകയാണ്. അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും ആക്രമണങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടില്ല.
പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബികെയു നേതാവ് സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങി. പൽവാളിലും ഗുഡ്ഗാവിലും ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം ആക്രമണം നടന്ന സ്ഥലങ്ങളിൽ എല്ലാം സുരക്ഷ ശക്തമാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹരിയാനയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.
പ്രതിഷേധങ്ങൾ സമാധാനപരം ആകണമെന്ന് ഉറപ്പിക്കാൻ പോലീസ് ഡിഫൻസ് അക്കാദമി മേധാവികളുമായി ചർച്ച നടത്തി. അതിനിടെ, തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രെയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രെയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
Most Read: സംസ്ഥാനത്ത് കാലവർഷം കനത്തേക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്






































