ന്യൂഡെൽഹി: സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്‌നിവീറുകള്‍ക്ക് സേനകളില്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്‌നിവീറുകള്‍ അപേക്ഷിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധി ഇളവും ലഭിക്കും.
ഒപ്പം അഗ്‌നിവീറുകളുടെ ആദ്യ ബാച്ചിന് മാത്രം അഞ്ച് വര്‍ഷ പ്രായപരിധി ഇളവ് നല്‍കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വാഗ്‌ദാനങ്ങൾ നല്‍കി പ്രതിഷേധത്തെ മറികടക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഇന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10.30നാണ് യോഗം. കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ മാത്രം ഉയര്‍ന്ന പ്രതിഷേധം വെള്ളിയാഴ്‌ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരുന്നു. പത്ത് സംസ്‌ഥാനങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്ക് പുറമേ തെലങ്കാനയിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ക്ക് നേരെനടന്ന പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം







































