ന്യൂഡെൽഹി: അഗ്നിപഥ് പദ്ധതിക്ക് എതിരെ യുവാക്കൾ ഇത്ര അക്രമാസക്തമായ പ്രതിഷേധം നടത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഇത്തരത്തിലുള്ള അക്രമത്തെ ഞങ്ങൾ അപലപിക്കുന്നു. ഇതല്ല പരിഹാരം. അവസാന ഘട്ടം പോലീസ് വെരിഫിക്കേഷനാണ്. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവർക്ക് പോലീസിൽ നിന്ന് ക്ളിയറൻസ് ലഭിക്കില്ല, ”എയർ സ്റ്റാഫ് ചീഫ് (സിഎഎസ്) എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു.
അഗ്നിപഥ് പദ്ധതിയെ പോസിറ്റീവായ നടപടിയായി അഭിനന്ദിച്ച എയർ ചീഫ് മാർഷൽ ചൗധരി, ഇതിനെക്കുറിച്ച് ആശങ്കയുള്ളവർക്ക് സമീപത്തെ സൈനിക സ്റ്റേഷനുകളുമായോ വ്യോമസേനയുമായോ നാവികസേനാ താവളങ്ങളുമായോ ബന്ധപ്പെടാമെന്നും സംശയങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞു.
“അവർ ഇപ്പോൾ ചെയ്യേണ്ടത് ശരിയായ വിവരങ്ങൾ തേടുകയും പദ്ധതിയെ പൂർണമായി മനസിലാക്കുകയും ചെയ്യുക എന്നതാണ്. പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും അവർ തന്നെ കാണും. ഇത് അവരുടെ മനസിലുള്ള എല്ലാ സംശയങ്ങളും ഇല്ലാതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്ഥാനമാണ് കേരളം; ധനമന്ത്രി







































