ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണക്കാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് 16 പാർട്ടി എംപിമാർ. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത എംപിമാരാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടത്.
ദ്രൗപതി മുർമു ഒരു ആദിവാസി സ്ത്രീയാണെന്നും അതിനാൽ അവർക്ക് വോട്ട് ചെയ്യേണ്ടതുണ്ടെന്നും 16 എംപിമാരും സമ്മതിച്ചതായി സേന എംപി ഗജനൻ കീർത്തികർ യോഗത്തിന് ശേഷം എൻഡിടിവിയോട് പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു വിഭാഗം ഗോത്രവർഗക്കാരുണ്ട്.
എന്നാൽ എംപിമാർക്ക് ശിവസേന വിപ്പ് നൽകിയിട്ടില്ല. എംപിമാർക്ക് അവരുടെ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാം. നിലവിൽ ഉദ്ധവ് താക്കറെയുടെ ശിവസേന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെയാണ് 16 പാർട്ടി എംപിമാർ ദ്രൗപതി മുർമുവിന് പിന്തുണ ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം താക്കറെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ ഇപ്പോൾ തന്റെ പിതാവ് ബാലാസാഹെബ് താക്കറെ സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞയാഴ്ച അദ്ദേഹം ലോക്സഭയിൽ പുതിയ ചീഫ് വിപ്പിനെ നിയമിച്ചിരുന്നു. പാർലമെന്ററി പാർട്ടിയെ ഭിന്നതയിൽ നിന്ന് അകറ്റാനുള്ള ശ്രമമായാണ് ഈ നീക്കം.
നിലവിലെ പ്രതിസന്ധികൾക്ക് ഇടയിൽ തനിക്കൊപ്പം ആരെല്ലാം ഉണ്ട് എന്ന് പരിശോധിക്കുന്നതിനു വേണ്ടിക്കൂടി ആയിരുന്നു ഇന്നത്തെ യോഗം. ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ ഉൾപ്പടെ ആറ് സേന എംപിമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. സേനക്ക് ലോക്സഭയിൽ 19ഉം രാജ്യസഭയിൽ മൂന്നും എംപിമാരാണുള്ളത്.
Most Read: ആർ ശ്രീലേഖയുടെ പരാമർശം അപലപനീയം, അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും; ആനി രാജ