പാലക്കാട് : പാലക്കാട് ജില്ലയില്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ജില്ലയില്‍ സംഭരിക്കാതെ കെട്ടി കിടക്കുന്ന നെല്ലിന്റെ സംഭരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് വ്യക്തമാക്കി. സംഭരണത്തിന്റെ ഭാഗമായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച കരാറില്‍ ഏര്‍പ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയില്‍ വിളവെടുത്ത ഒന്നാം വിളനെല്ല് സംഭരിക്കാതെ കെട്ടി കിടക്കുന്നത് വാര്‍ത്തയായതോടെ ആണ് ഇക്കാര്യത്തില്‍ ഭക്ഷ്യമന്ത്രി അടിയന്തിര നടപടി കൈക്കൊണ്ടത്. നെല്ല് സംഭരണത്തില്‍ ഇടഞ്ഞു നില്ക്കുന്ന മില്ലുകളെ ഒഴിവാക്കി കൊണ്ടാണ് തിങ്കളാഴ്ച 35 സഹകരണ സംഘങ്ങളുമായി കരാര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കരാര്‍ നടത്തിയാല്‍ ഉടന്‍ തന്നെ ചൊവ്വാഴ്ചയോടെ നെല്ലിന്റെ സംഭരണം ആരംഭിക്കും. ജില്ലയില്‍ നിലവില്‍ നെല്ല് സംഭരിക്കുന്നത് പാഡി കോ എന്ന സഹകരണ സംഘവും മറ്റ് നാല് മില്ലുകളും മാത്രമാണ്. 35 സഹകരണ സംഘങ്ങളുമായി സംഭരണത്തില്‍ കരാര്‍ വരുന്നതോടെ ജില്ലയില്‍ കെട്ടി കിടക്കുന്ന നെല്ലിന്റെ സംഭരണത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഒപ്പം തന്നെ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള മുന്‍ വർഷങ്ങളിലെ കുടിശ്ശിക ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read also : കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി







































