കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെജി സജീത്ത് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ളസ് ടു വിദ്യാർഥിനി നാല് ദിവസമാണ് ക്‌ളാസിൽ ഇരുന്നത്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. ഹാജർ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന്, പരാതി നൽകുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ളാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് മലപ്പുറം സ്വദേശിനിയായ പ്ളസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെജി സജീത്ത് രംഗത്തെത്തിയിരുന്നു. കുറ്റമറ്റ രീതിയിലാണ് പ്രവേശനം നടത്തുന്നതെന്നും അഡ്‌മിറ്റ് കാർഡ് വെച്ചാണ് ആദ്യ ദിനം അറ്റൻഡൻസ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ വൈകി എത്തിയതിനാൽ ക്ളാസ് ആരംഭിക്കുകയായിരുന്നു. പ്ളസ് ടു വിദ്യാർഥിനിയെ താൽക്കാലികമായി ക്‌ളാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് ഡോ. കെജി സജീത്തിന്റെ വിശദീകരണം. സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പ്; നിയമസഭയിൽ വിമർശനവുമായി വിഡി സതീശൻ