മലപ്പുറം: സിപിഎമ്മിന്റെ മുസ്ലിം ലീഗ് പരാമർശത്തിൽ പ്രതികരണവുമായി ലീഗ് നേതൃത്വം. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർഥ്യമാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. സിപിഎമ്മിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിപ്രായമാണത്. എംവി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
ലീഗിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ലീഗ് വർഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയെന്നും എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എൽഡിഎഫിലേക്കുള്ള ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, കരുതലോടെ ആയിരുന്നു ഇക്കാര്യത്തിൽ ലീഗിന്റെ പ്രതികരണം.
എംവി ഗോവിന്ദന്റെ പ്രസ്താവനക്ക് മറ്റ് വ്യാഖ്യാനം നൽകേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണമെന്ന നിലപാട് മുസ്ലിം ലീഗ് ആവർത്തിച്ചു. പ്രധാനപ്പെട്ട വിഷയമാണിതെന്ന് കോൺഗ്രസ് ഉൾപ്പടെ എല്ലാ കക്ഷികളും മനസ്സിലാക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. ലീഗ് വർഗീയ പാർട്ടി ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ഒരു ശത്രു ഇല്ലെന്നും, ലീഗ് ജനാധിപത്യ രീതിയിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞത്.
പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണെങ്കിൽ അത് നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശൻ പറഞ്ഞു. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് എംവി ഗോവിന്ദൻ തിരുത്തി. ഇതിൽ സന്തോഷം ഉണ്ടെന്നും വിഡി സതീശൻ പ്രതികരിച്ചു.
Most Read: ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; സിപിഎം നിലപാടിൽ പ്രതികരിച്ച് വിഡി സതീശൻ








































