ന്യൂഡെൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന. യഥാർഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിൽ ആണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. സംഘർഷത്തിൽ ഇത് ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്.
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ, സംഘർഷത്തെ കുറിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. യഥാർഥ നിയന്ത്രണ രേഖയുടെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്ര സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ചൈനീസ് അതിക്രമ ശ്രമം സ്ഥിരീകരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാർലമെന്റിൽ പ്രതിരോധ മന്ത്രി പ്രസ്താവന നടത്തി. അതേസമയം, അതിർത്തി സംരക്ഷണ വിഷയത്തിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം പാർലമെന്റിനെ സ്തംഭിപ്പിച്ചു. ചൈനയുടെ അതിർത്തി ലംഘന ശ്രമം ഇന്ന് പാർലമെന്റിൽ പ്രതിപക്ഷം വിഷയമാക്കി.
പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചതോടെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. തവാങിൽ ഇന്ത്യൻ മേഖലയിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടെയും സമചിത്തതയോടെയും ദേശ സ്നേഹത്തോടെയുമാണ് ഇന്ത്യൻ സൈനികർ തടഞ്ഞത്. ബലം പ്രയോഗിച്ചാണ് ഇന്ത്യൻ സൈന്യം ചൈനീസ് നീക്കത്തെ പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സൈനികരിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചു.
ഡിസംബർ ഒമ്പതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ 200ൽ അധികം ചൈനീസ് സൈനികർ ആയുധങ്ങളുമായി ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയത് കഴിഞ്ഞ ദിവസമാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയത്. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും തമ്മിൽ 30 മാസത്തിലേറെയായി തുടരുന്ന അതിർത്തി തർക്കത്തിനിടയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൽഎസിക്ക് സമീപം ഏറ്റുമുട്ടൽ നടന്നത്.
Most Read: ചാൻസലർ സ്ഥാനം; ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി