ചാൻസലർ സ്‌ഥാനം; ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി

വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ നിയമസഭാ സ്‍പീക്കർ എന്നിവർ അടങ്ങുന്ന സമിതി ആകാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി. എന്നാൽ, ചാൻസലർ സ്‌ഥാനത്തേക്ക്‌ വിരമിച്ച ജഡ്‌ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു

By Trainee Reporter, Malabar News
Position of Chancellor; The Assembly passed the bill to change the Governor
Ajwa Travels

തിരുവനന്തപുരം: ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി. പ്രതിപക്ഷം ഇക്കാര്യത്തിൽ കൊണ്ടുവന്ന ചില ഭേദഗതികൾ നിയമസഭ അംഗീകരിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് രാവിലെയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര് നടന്നിരുന്നു.

തുറന്ന ചർച്ചക്കിടെ വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ നിയമസഭാ സ്‍പീക്കർ എന്നിവർ അടങ്ങുന്ന സമിതി ആകാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി. എന്നാൽ, ചാൻസലർ സ്‌ഥാനത്തേക്ക്‌ വിരമിച്ച ജഡ്‌ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതോടെ നിയമസഭ ബില്ല് പാസ്സാക്കി.

വിസിമാർ രാജി വെക്കേണ്ടതില്ലെന്ന കെസി വേണുഗോപാലിന്റെ പ്രസ്‌താവന ഉന്നയിച്ചാണ് മന്ത്രി പി രാജീവ് നിയമസഭയിൽ സംസാരിച്ചത്. ലീഗാണ് ഗവർണറുടെ രാഷ്‌ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാവരും യോജിക്കുന്നത് നല്ല കാര്യമാണ്. എത്ര ചാൻസലർമാർ സംസ്‌ഥാനത്ത്‌ വേണമെന്ന് ഇപ്പോൾ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഓരോ സർവകലാശാലയുടെയും നിയമം ഭേദഗതി ചെയ്യുമ്പോൾ അത് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, ചാൻസലർ കരട് ബിൽ വായിച്ചാൽ ഒരുപാട് ചാൻസലർമാർ ഉണ്ടാകുമെന്നാണ് തോന്നുന്നതെന്നും ഒരൊറ്റ ചാൻസലർ മതിയെന്നുമുള്ള നിർദ്ദേശം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ട് വെച്ചു. പ്രാഗൽഭ്യം ഉള്ളവരെ നിയമിക്കുമെന്ന് പറയുമ്പോൾ തന്നെ യോഗ്യത ഉയർന്നതാകുമെന്നാണ് അർഥമെന്ന് മന്ത്രി വിശദീകരിച്ചു.

വിരമിച്ച ജഡ്‌ജിമാർ എല്ലാ കാര്യത്തിലും അവസാന വാക്കാകുമെന്ന് കരുതുന്നില്ല. ധൈഷണിക നേതൃത്വമാണ് ചാൻസലറാകേണ്ടത്. നിയമനത്തിന് ഒരു സമിതി എന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം നല്ലതെന്നും എന്നാൽ, സമിതി നിർദ്ദേശിക്കുന്ന വ്യക്‌തിക്കെതിരെ ആർക്കും കോടതിയിൽ പോകാനാകുമെന്നും പി രാജീവ് വ്യക്‌തമാക്കി.

സമിതിയിൽ ഭിന്ന നിലപാട് ഉണ്ടെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അതിനാൽ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്‌പീക്കർ എന്നിവർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ വെക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് പകരം സ്‌പീക്കർ എന്ന നിലപാട് സ്വാഗതാർഹമാണെന്ന് വിഡി സതീശൻ വ്യക്‌തമാക്കി. എന്നാൽ, ചാൻസലറായി നിയമിക്കേണ്ടത് വിരമിച്ച ജഡ്‌ജിമാരെ ആയിരിക്കണമെന്ന് വിഡി സതീശൻ വീണ്ടും ആവശ്യപ്പെട്ടു.

പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കണമെന്ന് നിയമമന്ത്രി ആവശ്യപ്പെട്ടു. മാർകിസ്‌റ്റ് വൽക്കരണത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് വിഡി സതീശൻ തുറന്നടിച്ചു. ആര് ചാൻസലറാകണം എന്നതിൽ തുടർന്നും തർക്കം ഉണ്ടായി. ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാം. പകരക്കാരുടെ കാര്യത്തിലാണ് ആശങ്കയെന്ന് പ്രതിപക്ഷം പറഞ്ഞു. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചരിത്രം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു.

Most Read: ശബരിമലയിലെ തിരക്ക്; ബുക്കിങ് കുറച്ചു- നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE