കോഴിക്കോട്: ബാലുശേരിയിൽ കഞ്ചാവ് കേസിലെ പ്രതികളുടെ സംഘത്തിൽപ്പെട്ടയാൾ എസ്ഐയെ ആക്രമിച്ചതായി പരാതി. എകരൂലിൽ വാടക വീട് കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂർ അമ്പായത്തോട് സ്വദേശി പാറച്ചാലിൽ അജിത് വർഗീസാണ് എസ്ഐയെ അകമിച്ചത്. നാദാപുരം കൺട്രോൾ റൂം എസ്ഐ രവീന്ദ്രനാണ് പരിക്കേറ്റത്.
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് ആക്രമണം. പേരാമ്പ്രയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ രവീന്ദ്രൻ, ബാലുശേരി പോലീസും ചേർന്നാണ് പ്രതികളെ വടകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചത്. ചേംബറിൽ ഹാജരാക്കാൻ ഒരുങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ട പ്രതി കൈകളിലെ വിലങ്ങ് നീക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, അജിത് വർഗീസ് വിലങ്ങ് കൊണ്ട് എസ്ഐയുടെ മുഖത്തും മൂക്കിനും ഇടിച്ചു പരിക്കേൽപ്പിച്ചു. അക്രമാസക്തമായ പ്രതിയെ മറ്റു പോലീസുകാർ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. പരിക്കേറ്റ എസ്ഐ വടകര ഗവ. ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വാടക വീട് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ പ്രതിയാണ് അജിത്. സഹോദരൻ അലക്സ് വർഗീസ്, താമരശേരി തച്ചംപൊയിൽ ഇകെ പുഷ്പ എന്ന റജിന. പരപ്പൻപൊയിൽ സനീഷ് കുമാർ എന്നിവരാണ് മറ്റു പ്രതികൾ. ഒമ്പത് കിലോ കഞ്ചാവും 1,14,000 രൂപയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
Most Read: താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി







































