ന്യൂഡെൽഹി: ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിന് മുന്നോടിയായി ബീഹാറിലെ പട്നയിൽ പാർട്ടി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുന്നത്.
കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് പറയുമ്പോൾ ബിജെപിയും ആർഎസ്എസും രാജ്യത്തെ തകർക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബീഹാറിലെ ജനങ്ങൾ കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അതേസമയം ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ചു ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യകക്ഷിയായ കോൺഗ്രസിനോട് പ്രമുഖ പ്രതിപക്ഷ കക്ഷികൾ കടുത്ത ഭിന്നത രേഖപ്പെടുത്തുന്നതിനിടെയാണ് ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുന്നത്. 16 പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
Most Read: നിയമസഭയിലെ സംഘർഷം; ആറ് പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്