ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കലാപബാധിത മേഖലകളായ ചുരാചന്ദ്പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ രാഹുൽ സന്ദർശിക്കും. കലാപബാധിതരുടെ കുടുംബങ്ങളുമായും ജനപ്രതിനിധികളുമായും രാഹുൽ സംവദിക്കും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ഇന്ന് മണിപ്പൂരിൽ തങ്ങുന്ന രാഹുൽ ഗാന്ധി നാളെയാണ് മടങ്ങുക.
മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പരാജയപ്പെട്ടെന്നാണ് കോൺഗ്രസ് വിമർശിക്കുന്നത്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മണിപ്പൂർ കലാപം പ്രധാന വിഷയമായി ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചത്.
മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് മടക്കികൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. വിദ്വേഷത്തെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും കെസി വേണുഗോപാൽ അറിയിച്ചു. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ സന്ദർശനമെന്നും, കാര്യങ്ങൾ വഷളാക്കാൻ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
കലാപത്തിന്റെ ആദ്യ നാളുകളിൽ സുരക്ഷാ കാരണം പറഞ്ഞു കേന്ദ്ര സർക്കാർ രാഹുലിന് യാത്രാനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ രാഹുലിന്റെ സന്ദർശനം സർക്കാർ തടസപ്പെടുത്തരുതെന്ന് മണിപ്പൂർ മുൻ മുഖ്യമന്ത്രി ഇബോബി സിംഹ് ആവശ്യപ്പെട്ടു. അതേസമയം, അമിത് ഷായുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് കുക്കി വിഭാഗം അറിയിച്ചു. കലാപത്തിന്റെ ആസൂത്രകനാണ് മുഖ്യമന്ത്രിയെന്നും, ഇരട്ടമുഖം അംഗീകരിക്കില്ലെന്നും കുക്കി വിഭാഗം പ്രതികരിച്ചു.
Most Read: ചന്ദ്രയാൻ- 3 വിക്ഷേപണം ജൂലൈ 13ന്; വീണ്ടും ചരിത്ര നിമിഷത്തിലേക്ക് ഇന്ത്യ









































