കൊച്ചി: വിശ്വാസികളായ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസേലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു.
ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു. സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ചു പ്രതിഷേധം തുടങ്ങിയതോടെയാണ് കുർബാന ഉപേക്ഷിച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുർബാന നടത്താനുള്ള തീരുമാനം ബസിലിക്ക വികാരി ഫാ.ആന്റണി പൂതവേലിൽ ഉപേക്ഷിച്ചത്. കപ്യാരെ ആദ്യം തടഞ്ഞുവെന്നും പള്ളിയുടെ കവാടത്തിൽ വിമതർ ഉപരോധിച്ചുവെന്നും വികാരി കുറ്റപ്പെടുത്തി.
Most Read| ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം- സോഫ്റ്റ് ലാൻഡിങ് 23ന്








































