കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് നാല് പേർക്ക് നിപ സ്‌ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഇതുസംബന്ധിച്ചു സ്‌ഥിരീകരണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ഒമ്പത് വയസുകാരൻ, മാതൃസഹോദരൻ 25 വയസുകാരൻ, കഴിഞ്ഞ ദിവസം മരണമടഞ്ഞ 40 വയസുകാരൻ, ആദ്യം മരണമടഞ്ഞ 47 വയസുകാരൻ എന്നിവർക്കാണ് നിപ സ്‌ഥിരീകരിച്ചത്.
ആദ്യം മരിച്ചയാളുടെ നാല് വയസുള്ള മകൾ, ഭാര്യാ സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ സ്‌ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുകയായണെന്ന് മന്ത്രി അറിയിച്ചു. ഏഴ് പേരാണ് ആകെ ചികിൽസയിലുള്ളത്. നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി.
മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് ജില്ലയിലെത്തും. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും, ഐസിഎംആറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്‌ധർ അടങ്ങുന്നതാണ് കോഴിക്കോടെത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി ഇവർ യോജിച്ചു പ്രവർത്തിക്കും. അതിനിടെ, കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി.
ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളാണ് കണ്ടെയ്‌ൻമെൻറ് സോണിലുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!








































