അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാകിസ്‌താനെ തകർത്തെറിഞ്ഞു ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 86 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആറ് സിക്‌സുകൾ നേടിയ രോഹിത് 300 ഏകദിന സിക്‌സുകളെന്ന നാഴികക്കല്ലും സ്വന്തമാക്കി. ഇത് എട്ടാം തവണയാണ് ഏകദിന ലോകകപ്പിൽ ഇന്ത്യ പാകിസ്‌താനെ തോൽപ്പിക്കുന്നത്. ഒരിക്കൽ പോലും പാകിസ്‌താന് ജയിക്കാനായിട്ടില്ല.
ടോസ് നഷ്‌ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താൻ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 30.3 ഓവറിൽ മാത്രം നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറിൽ ശുഭ്‌മാൻ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16) ആയിരുന്നു.
കോലി പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിതിനൊപ്പം 56 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് നവാസിന് ക്യാച്ച് നൽകിയാണ് വിരാട് മടങ്ങുന്നത്. തുടർന്ന് ശ്രേയസിനൊപ്പം 77 റൺസ് ചേർത്താണ് രോഹിത് മടങ്ങുന്നത്. 63 പന്തുകൾ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറം നേടിയിരുന്നു. വൈകാതെ കെഎൽ രാഹുലിനെ (19) കൂട്ടുപിടിച്ചു ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, രണ്ടു വിക്കറ്റ് വീതം നേടിയ ബുമ്ര, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവരാണ് പാകിസ്‌താനെ തകർത്തത്. മോശമില്ലാത്ത തുടക്കമായിരുന്നു പാകിസ്‌താന്റേത്. ഒന്നാം വിക്കറ്റിൽ അബ്‌ദുള്ള ഷെഫീഖ് (20), ഇമാം ഉൾ ഹഖ് സംഖ്യം 41 റൺസ് ചേർത്തു. ഷെഫീഖിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രെക്ക് ത്രൂ നൽകിയത്. മൂന്നാം വിക്കറ്റിൽ 32 റൺസ് കൂട്ടിച്ചേർത്ത് ഇമാമും മടങ്ങി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന അസം- റിസ്‌വാൻ സഖ്യമാണ് തകർച്ചയിൽ നിന്ന് പാകിസ്‌താനെ രക്ഷിച്ചത്. ഇരുവരും 82 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ ബാബർ മടങ്ങി. 58 പന്തുകൾ നേരിട്ട താരം ഏഴ് ബൗണ്ടറികൾ നേടി. പിന്നാലെ പാകിസ്‌താന്റെ മധ്യനിര നിരുപാധികം കീഴടങ്ങി. സൗദ് ഷക്കീൽ, ഇഫ്‌തിഖാർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവർക്ക് കളിയിൽ തിളങ്ങാനായില്ല. പാകിസ്‌താന്റെ ഇന്നിങ്സിൽ സിക്‌സ് പോലും ഉണ്ടായിരുന്നില്ല. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയോട് വിജയിക്കാൻ പാകിസ്‌താൻ ആയിട്ടില്ലെന്ന ചരിത്രം ഈ രാവിൽ കൂടുതൽ തിളക്കമുള്ളതായി നിൽക്കുന്നു.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം








































