അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ മുത്തമിടുന്നത് ആരെന്ന് ഇന്നറിയാം. വാശിയേറിയ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കും. മൂന്നാം കിരീടം ലക്ഷ്യംവെച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ, ആറാം കപ്പ് തേടിയാണ് ഓസ്ട്രേലിയ കളത്തിലിറങ്ങുന്നത്.
ലോകകപ്പിലെ നേർക്കുനേർ പോരാട്ടങ്ങളുടെ കണക്കിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്‌ക്ക് വ്യക്‌തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും നേർക്കുനേർ വന്ന 13 മൽസരങ്ങളിൽ എട്ടിലും ജയം ഓസീസിനായിരുന്നു. എന്നാൽ, 2003 ഫൈനലിലേറ്റ തോൽവിക്ക് കൃത്യം 20 വർഷത്തിന് ശേഷം കണക്കുതീർക്കാൻ കൂടിയാണ് രോഹിത് ശർമയും സംഘവും കലാശപ്പോരിന് ഇറങ്ങുക.
ഉച്ചക്ക് ഒന്നരയ്‌ക്ക് കലാശപ്പോരിന് ടോസ് വീഴും. രണ്ടുമണിക്ക് മൽസരം ആരംഭിക്കും. അതേസമയം, ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്‌ത ടീമുകൾക്കായിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മൽസരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്നപ്പോൾ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീമുകളാണ് ജയിച്ചത്.
എന്നാൽ, ടോസ് നിർണായകമല്ലെന്നാണ് ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ പറയുന്നത്. ഓരോ ദിവസവും കാലാവസ്‌ഥയിൽ മാറ്റമുണ്ട്. ഏത് സാഹചര്യത്തിലും കളിക്കാൻ ടീം ഇന്ത്യ പ്രാപ്‌തരാണെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ പത്ത് മൽസരങ്ങളും ജയിച്ചു ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും ശുഭ്‌മാനും രാഹുലും ശ്രേയസും അപാര ഫോമിലായിരുന്നു. അതിലും മികച്ചതായിരുന്നു ബൗളിംഗ് അറ്റാക്ക്. സൂപ്പർ ഷമിയും ബുമ്രയും കുൽദീപും ജഡേജയും ഫോം തുടർന്നാണ് ഇന്ത്യ കപ്പുയർത്തും.
ഓസ്‍ട്രേലിയയുടെ കാര്യത്തിൽ മാക്‌സ്‌വെല്ലിനെ പോലുള്ള മാച്ച് വിന്നർമാരുടെ കൂടാരമാണ്. ഓൾറൗണ്ടിൽ മിഷൻ മാർഷ്, ബാറ്റർമാരായ ഡേവിഡ് വാർസൺ, സ്‌റ്റീവ് സ്‌മിത്ത്, ആൾറൗണ്ടർ ട്രാവിസ് ഹെഡ്‌ഡ്, പേസർമാരായ മിച്ചൽ സ്‌റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹേസൽവുഡ്, സ്‌പിന്നർ ആദം സാംപ എന്നിവരെല്ലാം അപകടകാരികളാണ്.
2011ൽ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ആയിരുന്നു ടീം ഇന്ത്യ അവസാനമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയത്. 1983ലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പിൽ ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഓരോ മൽസരം ജയിച്ചു തുല്യത പാലിക്കാനായിരുന്നു ടീമുകളുടെ വിധി. 1987ലും അതിന്റെ ആവർത്തനമുണ്ടായി.
എന്നാൽ, 1992 മുതൽ 2003 വരെ നാല് ലോകകപ്പുകളിലായി അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ സമ്പൂർണ ജയവുമായി ഓസീസ് സമഗ്രാധിപത്യം കാട്ടി. 2003 ഫൈനലിൽ ജോഹന്നാസ്‌ബർഗിലേറ്റ മുറിപ്പാട് മറന്നിട്ടില്ല ഇന്ത്യൻ ആരാധകർ. 2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ധോണിപ്പട ഓസീസിനോട് മധുരപ്രതികാരം ചെയ്‌തു. എന്നാൽ, അടുത്ത സെമിയിൽ ഇന്ത്യയുടെ കണ്ണുനീർ വീഴ്‌ത്തി ഓസീസ് പകരം ചോദിച്ചു.
Tech| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!