ശ്രീലങ്കയെ തകർത്തെറിഞ്ഞു നീലപ്പട; വമ്പൻ ജയവുമായി ഇന്ത്യ സെമിയിൽ

358 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറിൽ 55 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. തുടർച്ചയായി ഏഴ് മൽസരങ്ങളിൽ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്.

By Trainee Reporter, Malabar News
india-sri lanka
Ajwa Travels

മുംബൈ: ഏകദിന ലോകകപ്പിൽ വമ്പൻ ജയവുമായി ഇന്ത്യ. 358 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറിൽ 55 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. തുടർച്ചയായി ഏഴ് മൽസരങ്ങളിൽ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ടു മൽസരങ്ങളിൽ തോറ്റാലും ഇന്ത്യക്ക് സെമി നഷ്‌ടമാകില്ല.

ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണിത്. ലോകകപ്പിൽ റൺ അടിസ്‌ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. തകർത്തെറിഞ്ഞ പേസർമാരാണ് ശ്രീലങ്കയെ തകർത്തത്. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്‌പ്രീത് ബുമ്രയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നിൽ ശ്രീലങ്ക വിറച്ചു.

അഞ്ചോവറിൽ 18 റൺസിന്‌ അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റൺസിന്‌ മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്‌പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേർന്നാണ് ലങ്കയെ തകർത്തു തരിപ്പണമാക്കിയത്. 2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മൽസരമെന്നാണ് വിലയിരുത്തൽ. മുൻനിര ബാറ്റർമാരെല്ലാം നിറം മങ്ങി. വെറും മൂന്നേ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു.

ശ്രീലങ്കൻ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യ വേട്ട തുടങ്ങി. ബുമ്രയുടെ പന്തിൽ പാതും നിസങ്ക വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീടെത്തിയ ക്യാപ്‌റ്റൻ കുശാൽ മെൻഡിസ് ബുമ്രയുടെ ആദ്യ ഓവർ അതിജീവിച്ചു. എന്നാൽ, ലങ്കയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം ഓവറിൽ എറിയാനെത്തിയ മുഹമ്മദ് സിറാജ് തന്റെ ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്‌നയെ വിക്കറ്റിന് മുന്നിൽ കുടുക്കി. സിറാജ് അവിടെ നിർത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തിൽ സദീര സമരവിക്രമയെ സ്ളീപ്പിൽ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു സിറാജ് ഇരട്ട പ്രഹരമേൽപ്പിച്ചു.

ഇതോടെ റൺസിന് മൂന്ന് വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാൻ വഴിയില്ലാതെ പതറി. ബുമ്രയുടെ അടുത്ത ഓവർ അതിജീവിച്ചെങ്കിലും സിറാജ് തന്റെ മൂന്നാം ഓവറിലും ലങ്കയെ ഞെട്ടിച്ചു. ഒരു റണ്ണെടുത്ത മെൻഡിസിനെ സിറാജ് ക്ളീൻ ബൗൾഡാക്കി. സിറാജും ബുമ്രയും വെടിനിർത്തിയതോടെ ക്യാപ്‌റ്റൻ ജസ്പ്രീത്‌ ബുമ്ര അടുത്ത ആയുധമെടുത്തു. മുഹമ്മദ് ഷമി തന്റെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായ പന്തുകളിൽ ചരിത് അസലങ്കയെയും,ദുഷൻ ഹേമന്തയെയും വീഴ്‌ത്തിയതോടെ ലങ്ക 10 ഓവറിൽ 14-6ലേക്ക് തകർന്നടിഞ്ഞു.

10 റൺസെടുത്ത ഏയ്‌ഞ്ചലോ മാത്യൂസാണ് ലങ്കയെ രണ്ടക്കം കടത്തിയത്. ഏയ്‌ഞ്ചലോ മാത്യൂസിനെ ക്ളീൻ ബൗൾഡാക്കി ഷമി ആക്രമണം തുടർന്നു. കസുൻ രജിതയും മഹീഷ തീക്ഷണയും ചേർന്ന് ലങ്കയെ 49ൽ എത്തിച്ചെങ്കിലും രാജിതയെ സ്ളീപ്പിൽ ഗില്ലിന്റെ കൈകളിലെത്തിച്ചു ഷമി അഞ്ചു വിക്കറ്റ് നേട്ടം തികച്ചു. പിന്നാലെ ജഡേജ ദിൽഷൻ മധുശങ്കയെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു ലങ്കയുടെ നാണക്കേട് പൂർത്തിയാക്കി.

നേരത്തെ, ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ശുഭ്‌മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെയു വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിലാണ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 357 റൺസെടുത്തത്. 92 റൺസെടുത്ത ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

Most Read| യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രയേലിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്‌ച  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE