യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രയേലിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്‌ച  

ഇസ്രയേലിന് യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ബ്ളിങ്കന്റെ സന്ദർശനമെന്നാണ് സൂചന. ഇസ്രയേലിന് അടിയന്തിര സഹായം നൽകുന്നതിനായി പ്രത്യേക ബിൽ പാസാക്കണമെന്ന് ബ്ളിങ്കൻ നേരത്തെ തന്നെ അമേരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു.

By Trainee Reporter, Malabar News
Antony-Blinken
ആന്റണി ബ്ളിങ്കൻ
Ajwa Travels

വാഷിങ്ടൻ: ഇസ്രയേൽ-ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രായേലിലേക്ക്. വെള്ളിയാഴ്‌ച ഇസ്രയേലിലെത്തുന്ന ബ്ളിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് വക്‌താവ്‌ മില്ലർ അറിയിച്ചു. ഇസ്രയേലിന് യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ബ്ളിങ്കന്റെ സന്ദർശനമെന്നാണ് സൂചന.

മിഡിൽ ഈസ്‌റ്റിൽ സംഘർഷം ശക്‌തമാകുന്ന പശ്‌ചാത്തലത്തിൽ ജോർദാൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളും ബ്ളിങ്കൻ സന്ദർശിച്ചിരുന്നു. ഇസ്രയേലിന് അടിയന്തിര സഹായം നൽകുന്നതിനായി പ്രത്യേക ബിൽ പാസാക്കണമെന്ന് ബ്ളിങ്കൻ നേരത്തെ തന്നെ അമേരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു. 1400ലധികം പേരെ ഹമാസ് വധിച്ചെന്നാണ് ഇസ്രയേലിന്റെ ഔദ്യോഗിക കണക്ക്. ഇതിൽ 230ഓളം പേർ യുഎസ് പൗരൻമാരാണ്.

അതേസമയം, ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 8500ലധികംപേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയവും അറിയിച്ചു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേരാണ് കൊല്ലപ്പെട്ടത്. 300 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ക്യാമ്പിലെ 15ഓളം പാർപ്പിട കേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സൗകര്യങ്ങൾ പോലും ലഭ്യമായിട്ടില്ല.

മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർത്തെന്നുമാണ് ഇസ്രയേൽ അവകാശവാദം. 70 വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്‌തീനികൾ ജീവിക്കുന്ന അഭയാർഥി ക്യാമ്പാണ് ജബലിയ. ഒരുകിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങി കഴിയുന്നിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം.

ഇബ്രാഹിം ബായാറിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാമ്പിന് അടിയിൽ ഉണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസവും ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് പറയുന്നു. ഇസ്രയേലി യുദ്ധ ടാങ്കുകൾ ഗാസയുടെ ഉള്ളറകളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.

Most Read| കേരളത്തിന് ഇന്ന് 67ആം പിറന്നാൾ; ‘കേരളീയം’ പരിപാടിക്ക് തലസ്‌ഥാനത്ത് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE